തൃശ്ശൂരിൽ കുന്നംകുളത്ത് ഹോട്ടലിൽ വിൽക്കാൻ വച്ചിരുന്ന അൽ ഫാമിൽ എലി. പാഴ്സൽ വാങ്ങാൻ ഹോട്ടലിൽ എത്തിയ ആൾ എലിയുടെ ചിത്രമെടുക്കുകയും നഗരത്തിലെ ആരോഗ്യ വിഭാഗത്തിന് ആയിച്ചു കൊടുക്കുകയും ചെയ്തതോടെ ഹോട്ടലിൽ എത്തിയ ഉദ്യോഗസ്ഥർ പിഴയിട്ടു ഹോട്ടൽ അടപ്പിച്ചു. ഇതു കൂടാതെ ഗുരുവായൂർ റോഡിലെ ഹോട്ടലിലെ മസാലദോശയിൽ ചത്ത എട്ടുകാലിയെ കിട്ടി. മരത്തംകോട് സ്വദേശിനിയായ യുവതിക്കാണ് ഭക്ഷണത്തിൽ നിന്ന് എട്ടുകാലിയെ കിട്ടിയത്. യുവതി പരാതിപ്പെട്ടതോടെ ഈ ഹോട്ടലും അധികൃതർ അടപ്പിച്ചു. ജനുവരി മുതൽ 26 ഹോട്ടലുകളിൽ പരിശോധന നടത്തിയതായി തൃശൂർ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവയിൽ 10 സ്ഥാപനങ്ങക്ക് നോട്ടിസ് നൽകുകയും 20,050 രൂപ പിഴയും നൽകി. ഇതേ സമയം ഹോട്ടലുകളിലും കടകളിലും വിൽക്കുന്ന ഭക്ഷ്യ വസ്തുക്കൾ പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് മതിയായ സംവിധാനമില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് പരിശോധന നടത്താൻ ആളില്ലാത്ത സ്ഥിതിയുണ്ടെന്നാണ് ആക്ഷേപം. പരാതിക്കിടയാക്കിയ ഹോട്ടലുകളെക്കുറിച്ച് ആളുകൾ പരാതിപ്പെടുന്നത് നഗരസഭയിൽ മാത്രമാണെന്നും നഗരസഭാധികൃതർ അത് യഥാസമയം അറിയിച്ചില്ലെന്നും ഭക്ഷ്യസുരക്ഷാ ഓഫീസർ വ്യക്തമാക്കി.