ആഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോഗ്യസംഘടന. ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് 2022-2023 കാലഘട്ടത്തിൽ 88 ശതമാനം വർദ്ധനവുണ്ടായതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. 2022-ൽ മീസിൽസ് കേസുകളുടെ നിരക്ക് 1,71,153 ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും അത് 3,21,582 ആയി. ബാഴ്സലോണയിൽ വച്ചുനടന്ന ESCMID ഗ്ലോബൽ കോൺഗ്രസിലാണ് ലോകാരോഗ്യസംഘടനയിൽ നിന്നുള്ള പാട്രിക് ഒ കോണർ ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്. കോവിഡ് കാലത്ത് മീസിൽസിനുള്ള വാക്സിനേഷൻ നിരക്കുകൾ കുറഞ്ഞതാണ് ആഗോളതലത്തിലുള്ള ഈ രോഗവർധനവിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതിരോധസംവിധാനത്തിന്റെ താളം തെറ്റിയാൽ അങ്ങേയറ്റം വ്യാപനശേഷിയുള്ള മീസിൽസ് വൈറസ് വലിയ രീതിയിലുള്ള രോഗവ്യാപനത്തിന് കാരണമാകുമെന്നും തുല്യവും ഏകീകൃതവുമായ വാക്സിനേഷൻ രീതി ഉറപ്പാക്കേണ്ടതുണ്ടെന്നും പാട്രിക് കൂട്ടിച്ചേർത്തു. അതേസമയം മീസിൽസ് വാക്സിനേഷനിലൂടെ 2000 മുതൽ 2022 വരെയുള്ള ഏകദേശം 57 ദശലക്ഷം മരണങ്ങൾ ഒഴിവാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.