കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ 38കാരൻ എം. രാജയുടെ ഹൃദയം ആലപ്പുഴ സ്വദേശിയായ 26 വയസുള്ള യുവാവിനാണ് മാറ്റിവച്ചത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കാർഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാർഗം ഇല്ലാതിരുന്ന യുവാവിനാണ് ഇത് സഹായകമായത്. ഇന്ന് അതിരാവിലെ ആരംഭിച്ച ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രാവിലെ 10 മണിയോടെ പൂർത്തിയായി. കരൾ, 2 വൃക്കകൾ എന്നിവയും ദാനം നൽകി. അവയവം ദാനം നൽകിയ രാജയുടെ ബന്ധുകൾക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് ആദരവ് അറിയിച്ചു. ഒപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

LEAVE A REPLY