കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വകാര്യ ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപ ചെലവുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ച് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വിജയകരമായി നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറായി വരുന്നതായും മന്ത്രി വ്യക്തമാക്കി. മദ്യപിക്കാത്ത ആളുകളിൽ ഉണ്ടാകുന്ന കരൾ രോഗമായ നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, കൂടി വരുന്നതിനാൽ അത് കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആരോഗ്യ വകുപ്പ് പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും തിരൂരുമുള്ള ജില്ലാതല ആശുപത്രികളിൽ N.A.F.L.D ക്ലിനിക്കുകൾ ആരംഭിക്കാനുള്ള അനുമതിയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ N.A.F.L രോഗം കണ്ടെത്തുന്നതിനുള്ള ഫൈബ്രോ സ്‌കാൻ മെഷീൻ വാങ്ങാനുള്ള അനുമതിയും നൽകിയിട്ടുണ്ട് എന്നും വ്യക്തമാക്കി.