മുറിവ് പരിചരണത്തിന് ഉപയോഗിക്കുന്ന ബാൻഡ് എയ്‌ഡുകളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠന റിപ്പോർട്ട്. ഫോർഎവർ കെമിക്കൽസ് (Forever Chemicals) എന്നറിയപ്പെടുന്ന പതിറ്റാണ്ടുകളോളം നശിക്കാതെ നില നിലക്കാൻ സാധിക്കുന്ന പോളിഫ്ലൂറിനേറ്റഡ് പദാർത്ഥങ്ങൾ അഥവാ പിഎഫ്എഎസിന്റെ (PFAS) സാന്നിധ്യമാണ് ബാൻഡേജുകളിൽ കണ്ടെത്തിയത്. മാമാവേഷനും, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് ന്യൂസും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 18 ബ്രാൻഡുകളുടെ 40 ഓളം വ്യത്യസ്ത ബാൻഡേജുകളിലാണ് ഗവേഷകർ പരീക്ഷണങ്ങൾ നടത്തിയത്. PFAS രാസവസ്തുക്കൾക്ക് തുറന്ന മുറിവുകളിലൂടെ രക്തപ്രവാഹത്തിൽ പ്രവേശിക്കാനുള്ള കഴിവുണ്ടെന്നും, ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പഠനം പറയുന്നു. രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനവും വാക്‌സിൻ ഫലപ്രാപ്തിയും ഇവ കുറയ്ക്കും, ശിശുക്കളിലും കുട്ടികളിലും പഠന-വികസന വെല്ലുവിളികൾ മുതൽ, പ്രത്യുൽപാദനശേഷി കുറയൽ, എൻഡോക്രൈൻ സിസ്റ്റത്തിൻ്റെ തടസ്സം, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകുമെന്നു പഠനം ചൂണ്ടിക്കാട്ടുന്നു. കൂടാതെ PFAS സംയുക്തങ്ങൾ കാലക്രമേണ മനുഷ്യശരീരത്തിൽ അടിഞ്ഞു കൂടുമെന്നതിനാൽ കാൻസർ, ഹോർമോൺ തടസ്സം, കരൾ തകരാറ്, വികസന പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പഠനം വ്യക്തമാക്കുന്നു.