വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാത്ത് ലാബ് പ്രവർത്തനസജ്ജമായതായി ആരോഗ്യ മന്ത്രി വീണ ജോർജ്

വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാത്ത് ലാബ് പ്രവർത്തനസജ്ജമായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ആദ്യദിനം വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ ആൻജിയോഗ്രാമിന് വിധേയരാക്കി തുടർചികിത്സ ഉറപ്പാക്കി. അടുത്ത ഘട്ടത്തിൽ ആൻജിയോപ്ലാസ്റ്റി ആരംഭിക്കും. കാത്ത് ലാബിൽ എക്കോ പരിശോധനകൾ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളിൽ ഉണ്ടാകുന്ന തടസങ്ങൾക്കും കാത്ത് ലാബിൽ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിംഗ് കുറയുന്നത് തടയാനുള്ള ഐ സി ഡി സംവിധാനവും ഉണ്ടാകും. എല്ലാ ചൊവ്വാഴ്ചയും രോഗികൾക്ക് ഒ.പി.യിൽ ഹൃദ്രോഗ വിദഗ്ദ്ധന്റെ സേവനം ലഭിക്കും. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് എട്ടുകോടി രൂപ ചെലവഴിച്ചാണ് കാത്ത് ലാബ് സജ്ജമാക്കിയത്. കാത്ത് ലാബ് സി സി യു.വിൽ ഏഴു കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ദ്ധരായ ഡോ. പ്രജീഷ് ജോൺ, ഡോ. പി. ഷിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ആൻജിയോഗ്രാം നടത്തിയത്. വിജയകരമായി ചികിത്സ പൂർത്തിയാക്കിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

LEAVE A REPLY