സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങൾ നിർജലീകരണത്തിനും തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങൾ ഇത്തരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉയർന്ന ചൂട് കാരണം പെട്ടെന്ന് നിർജലീകരിക്കുന്നതിനാൽ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം. ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. കുട്ടികൾക്ക് വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ഡോക്ടറുടെ നിർദ്ദേശത്തോടെ സിങ്കും നൽകേണ്ടതാണ്. വയറിളക്കം കുറഞ്ഞില്ലെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം എന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്.

LEAVE A REPLY