മഞ്ഞപ്പിത്തം ചികിൽസിച്ചില്ലെങ്കിൽ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയാണ് മഞ്ഞപ്പിത്ത വകഭേദങ്ങൾ. ഇവയിൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ പടരുന്നു. ബി, സി ,ഡി- രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയും പകരുന്നു. ഹെപ്പറ്റെറ്റിസ് ബി, സി എന്നിവയ്ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ബി യും സിയും നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സിറോസിസ്, കരളിലെ ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കിടയാക്കും. ഹെപ്പറ്റൈറ്റിസ് ബി, സി രോഗബാധിതരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവരും. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും വൈറസ്ബാധ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തില്‍ രക്തപരിശോധന നടത്തണം. എച്ച് ഐ വിക്ക് സമാനമായ പകര്‍ച്ചാരീതിയാണ് ഹെപ്പറ്റൈറ്റിസ് ബിക്കും , സിക്കും ഉള്ളത്. ഹെപ്പറ്റൈറ്റിസ് ബി – സി- തടയാന്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കണം. മറ്റുള്ളവരുടെ ഷേവിംഗ് ഉപകരണങ്ങള്‍, ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിക്കരുത്. ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ഷേവിങ് ഉപകരണങ്ങള്‍, ടാറ്റു ഷോപ്പിലെ ഉപകരണങ്ങള്‍ എന്നിവ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം എന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.