പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ വീണ്ടും ആരോപണവുമായി ഹർഷിന. സർക്കാർ തുടർ ചികിത്സ സൗജന്യമായി നൽകണം എന്നാണ് ഹർഷിനയുടെ ആവശ്യം. കത്രിക എടുത്തു മാറ്റിയ ഭാഗത്തു വീണ്ടും കൊഴുപ്പ് അടിഞ്ഞുകൂടി വളർച്ചയുണ്ട്. ഇത് ഉടനെ നീക്കണമെന്നാണു ഡോക്ടർമാർ നിർദേശിച്ചതെന്നു ഹർഷിന പ്രതികരിച്ചു. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ കത്രിക എടുത്തു മാറ്റിയെങ്കിലും ഇടയ്ക്കിടെ ആ ഭാഗത്തു വീണ്ടും വേദന അനുഭവപ്പെടാറുണ്ട്. 15 മിനിറ്റിൽ കൂടുതൽ നിൽക്കാൻ പറ്റുന്നില്ല. വേദന കടുത്തതോടെയാണു കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർ ചകിത്സയോട് അനുബന്ധിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കൂടെ ഉണ്ട് എന്ന് പറയുമ്പോഴും നഷ്ടപരിഹാരത്തിന്റെ കാര്യം മറന്നെന്നും ഹർഷിന സർക്കാരിനെതിരെ ആരോപണം ഉയർത്തുന്നു.