ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസ് പടരുന്നതായി വിദഗ്ദ്ധരുടെ റിപ്പോർട്ട്

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസ് പടരുന്നതായി വിദഗ്ദ്ധരുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ബാക്ടീരിയൽ അണുബാധ കേസുകൾ പടരുന്ന സാഹചര്യത്തിലാണ് വിദ​ഗ്ധർ ആശങ്ക രേഖപ്പെടുത്തിയത്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്നു വിളിക്കുന്ന ഈ രോ​ഗം മുൻവർഷത്തേ അപേക്ഷിച്ച് റെക്കോഡ് നിരക്ക് തുടരുകയാണെന്നും കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രായംകൂടിയവർ അപകടസാധ്യതാവിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതു വയസ്സിനു താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈ മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിനു താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നുപേരും മരണപ്പെട്ടതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് രോഗം ഉണ്ടാക്കുന്നത്. സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധ പകരുന്നത്. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY