സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ പൊങ്കാലയിടുന്ന ഭക്ത്തർ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൂട് കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ, ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ ഹെല്പ്ലൈൻ നമ്പറുകളിലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി നിർദ്ദേശം നൽകി. അതേസമയം സംസ്ഥാനത്ത് താപനില കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കൻപോക്സ് പോലുള്ള രോഗങ്ങൾക്ക് എതിരെ ജാഗ്രത പുലർത്തണം എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.