സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. കണ്ണൂര്‍ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും എന്നാണ് വിലയിരുത്തൽ. കോട്ടയം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരും. സാധാരണ താപനിലയിൽ നിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വാട്ടർ ബെൽ സംവിധാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി നിലവിലെ ഇന്റർവെൽ കൂടാതെ സ്കൂളുകളിൽ വെള്ളം കുടിക്കാനായി പ്രത്യേകം വാട്ടർ ബെൽ നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, വി. ശിവൻകുട്ടി വ്യക്തമാക്കി. രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും സ്കൂളുകളിൽ വാട്ടർ ബെൽ മുഴങ്ങും. തുടർന്ന് വെള്ളം കുടിക്കുന്നതിന് അഞ്ച് മിനിറ്റ് ഇടവേള നൽകും. ഈ സമയത്ത് കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പു വരുത്തണം. വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികൾക്ക് അധികൃതർ വെള്ളം ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.