ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും; കോഴിക്കോട്ട് മാത്രം പിടിയിലായത് 3296 പേര്‍

കോഴിക്കോട് ജില്ലയില്‍ ലഹരി വസ്തുക്കളുടെ വില്‍പനയും ഉപയോഗവും ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളുമായി ജില്ലാ നാര്‍ക്കോട്ടിക് സെല്ലും പോലീസ് അധികൃതരും. ഹാഷിഷ് ഓയില്‍, എം ഡി എം എ, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയ ലഹരിവസ്തുക്കളുടെ വില്‍പനയും ഉപയോഗവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 2946 കേസുകളാണ് കോഴിക്കോട് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 3296 പേരെ പോലീസ് പിടികൂടി.

വിവിധ കേസുകളിലായി പ്രതികളില്‍ നിന്നും 179 കിലോഗ്രാം കഞ്ചാവും 158 ഗ്രാം ബ്രൗണ്‍ ഷുഗറും 2116 ഗ്രാം എം ഡി എം എയും 794 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. 2946 കേസുകളില്‍ 121 കേസുകള്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ടും മറ്റുള്ളവ ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനും ഉപയോഗിച്ചതിനും രജിസ്റ്റര്‍ ചെയ്തവയാണ്. കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ടി.പി ജേക്കബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 25അംഗ ഡാന്‍സാഫ്(ഡിസ്ട്രിക്റ്റ് ആന്റി-നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് ആണ് ലഹരി വില്‍പനയും ഉപയോഗവും കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരില്‍ ഭാവിയില്‍ വലിയ സൈഡ് എഫക്റ്റ് ഉണ്ടാകുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികളെയും കലാലയങ്ങളെയും ലക്ഷ്യമിട്ട് ലഹരി വില്‍പന വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ നാര്‍ക്കോട്ടിക് സെല്ലും ഡാന്‍സാഫ് അംഗങ്ങളും.

LEAVE A REPLY