ഗർഭകാലത്തെ ഛർദ്ദിക്കും തലകറക്കത്തിനും കാരണമായ ഹോർമോൺ കണ്ടെത്തി ശാസ്ത്രലോകം. ജിഡിഎഫ് 15 എന്ന ഗ്രോത്ത് ഡിഫറൻസിയേൽൻ ഫാക്ടർ 15 എന്ന ഹോർമോൺ ആണ് ഗവേഷകർ കണ്ടെത്തിയത്. കേംബ്രിഡ്ജ് സർവ്വകലാശാലയിലേയും സ്കോട്ട്ലാൻഡിലേയും അമേരിക്കയിലേയും ശ്രീലങ്കയിലേയും ഗവേഷകരുടെ സംഘമാണ് ഈ നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഗർഭസ്ഥ ശിശുവിൽ നിന്നുള്ള ഈ ഹോർമോൺ അമ്മയുടെ രക്തത്തിലൂടെ തലച്ചോറിലെത്തുന്നു. ഈ ഹോർമോൺ അമ്മയുടെ തലച്ചോർ ഏത് വിധത്തിൽ സ്വീകരിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ഗർഭിണികളിൽ മോണിംഗ് സിക്ക്നെസ്സ് അനുഭവപ്പെടുക. മോണിംഗ് സിക്ക്നെസിന് പരിഹാരം കണ്ടെത്താനുള്ള സൂചനകളിലേക്കാണ് ഗവേഷണം വിരൽ ചൂണ്ടുന്നത് എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.