മനുഷ്യ ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ബാധയെ കൂടുതല്‍ തീവ്രമാക്കുന്നതായി പഠനം. കേന്ദ്ര ജൈവസാങ്കേതിക വകുപ്പിനു കീഴിലുള്ള ട്രാന്‍സ്ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ബയോആര്‍എക്സൈവിലാണ് പിയര്‍ റിവ്യൂ ചെയ്യപ്പെടാത്ത ഈ ഗവേഷണപഠനം പ്രസിദ്ധീകരിച്ചത്. സാര്‍സ് കോവ്-2നെതിരായി ശരീരത്തില്‍ രൂപപ്പെട്ട ആന്റിബോഡികള്‍ ഡെങ്കിപ്പനി പരത്തുന്ന ഡെന്‍വി-2 വൈറസുമായി പ്രതിപ്രവര്‍ത്തിച്ച് കൂടുതല്‍ കോശങ്ങളിലേക്ക് പടരാന്‍ കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കു വൈറസിനെ നിര്‍വീര്യമാക്കുന്നതിന് പകരം കൂടുതല്‍ കാര്യക്ഷമമായി കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കുന്നതിന് അവയെ സഹായിക്കുന്നതാകാം ഇതിനു കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നു. കൃത്യമായ കാരണങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണെന്നും ഗവേഷണറിപ്പോര്‍ട് നിര്‍ദ്ദേശിക്കുന്നു.