മുരളീരവം നിലച്ചു; കര്‍ണ്ണാടക സംഗീത കുലപതി ഇനി ഓര്‍മ്മ

ചെന്നൈ: കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

ബഹുമുഖ പ്രതിഭയായിരുന്ന ബാലമുരളീകൃഷ്ണ പുല്ലാങ്കുഴല്‍, വീണ, മൃദംഗം, വയോള, വയലിന്‍ തുടങ്ങി എട്ടോളം സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തം എന്ന ഗ്രാമത്തിലാണ് ബാലമുരളീകൃഷ്ണ ജനിച്ചത്. സംഗീതം പാരമ്പര്യമായി ലഭിച്ച കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തില്‍ അമ്മ മരിച്ച ബാലമുരളീകൃഷ്ണയെ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് ആനയിച്ചത് ഓടക്കുഴല്‍, വയലിന്‍, വീണ എന്നിവയില്‍ വിദ്വാനായിരുന്ന അച്ഛനായിരുന്നു. എട്ടാം വയസില്‍ വിജയവാഡയിലാണ് സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്. 1957ല്‍ തെലുങ്ക് സിനിമയായ സതി സാവിത്രിയില്‍ പിന്നണി പാടിക്കൊണ്ട് സിനിമാ ഗായകനായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു.

LEAVE A REPLY