പത്തനംതിട്ട ജില്ലയിൽ പകർച്ചവ്യാധികളും പനികളും വ്യാപിക്കുന്നതായി റിപ്പോർട്ട്

പത്തനംതിട്ട: കാലവർഷമെത്തിയതോടെ പത്തനംതിട്ട ജില്ലയിൽ പകർച്ചവ്യാധികളും പനികളും വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിൽ 2064 പേർ പനിയ്ക്കും 166പേർ ഡെങ്കിപ്പനിയ്ക്കും ചികിത്സ തേടിയിരുന്നു. കാലവർഷം ശക്തമാകാനിരിക്കെ പനിയുടെ വ്യാപനം രൂക്ഷമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ, നിലവിൽ സാധാരണ മഴക്കാലങ്ങളിൽ കണ്ടുവരാറുള്ള വൈറൽ പനിയാണിതെന്നും തീവ്രമായ സാഹചര്യം നിലവിലില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കോവിഡും മറ്റ് വകഭേദങ്ങളും പനികളുടെ കൂട്ടത്തിൽ വളരെ കുറവാണ് എന്നതും ആശ്വാസകരമാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെല്ലാം തന്നെ മഴക്കാല ശുചീകരണ പരിപാടികൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.