ഇം​ഗ്ലണ്ട് യുവതി കാൽമുട്ട് വേദനയെ തുടർന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ട്യൂമർ

ലണ്ടൻ: കാൽമുട്ട് വേദനയെ തുടർന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ട്യൂമർ. ഇം​ഗ്ലണ്ട് സ്വദേശിയായ ബെഥനിക്കാണ് ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന ഈ അപൂർവ രോ​ഗം സ്ഥിരീകരിച്ചത്. ഇവ കൂടുതലും കൈകളുടെയും കാലുകളുടെയും നീളമുള്ള അസ്ഥികളെയാണ് ബാധിക്കുന്നത്. ഏഴ് വർഷം മുമ്പാണ് യുവതിക്ക് കാൽമുട്ടിൽ വേദന അനുഭവപ്പെടാൻ തുടങ്ങിയത്. തുടർന്ന് ഡോക്ടറെ സന്ദർശിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം എക്സ്-റേ എടുത്ത് പരിശോധനയും നടത്തി. കാൽമുട്ടിൽ അസ്വാഭാവികമായി എന്തോ ഉണ്ടെന്ന് എക്സ്-റേയിൽ നിന്ന് വ്യക്തമായതിനെ തുടർന്ന് തെറാപ്പിസ്റ്റിനെ കാണണമെന്നും വിദ​ഗ്ധ ചികിത്സ തേടണമെന്നും ഡോക്ടർ നിർദേശിച്ചു. പിന്നീടും മുട്ടുവേദന രൂക്ഷമാവുകയും ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കവെ കാൽമുട്ടിന്റെ അസ്ഥി ഒടിയുകയുകയും ചെയ്തതിനെ തുടർന്ന് നടത്തിയ ചികിത്സയിലാണ് കാൽമുട്ടിൽ ട്യൂമർ വളരുന്നതായി കണ്ടെത്തിയത്. തുടർന്ന് കാൽമുട്ടും തുടയെല്ലും മാറ്റിവയ്ക്കണമെന്ന് ഡോക്ടർ നിർദേശിച്ചു. ശസ്ത്രക്രിയ നടത്തിയ നൂറിൽ 99 പേർക്കും പൂർണ്ണ ചലനശേഷി തിരികെ കിട്ടിയിട്ടില്ലെങ്കിലും ഏഴാഴ്ച്ചത്തെ ഫിസിക്കൽ തെറാപ്പിക്കൊടുവിൽ ബെഥനി പതിയെ നടന്നുതുടങ്ങിയതായി ഡോക്ടർ അറിയിച്ചു.