ബോട്ട് അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബത്തിനും മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ്

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ പരിക്കേറ്റവർക്കും മരണമടഞ്ഞവരുടെ കുടുംബത്തിനും മാനസികാഘാതത്തില്‍ നിന്നും മുക്തമാകാന്‍ ആരോഗ്യ വകുപ്പ് മാനസിക പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൗണ്‍സിലിംഗിനും മാനസിക പിന്തുണയ്ക്കുമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വീടുകളിലെത്തി മാനസിക പിന്തുണ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. താനൂരില്‍ ബോട്ടപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.മന്ത്രിയുടെ നേതൃത്വത്തില്‍ താനൂരില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക യോഗം ചേര്‍ന്നു. ചികിത്സയിലുള്ളവര്‍ അപകടനില തരണം ചെയ്തു വരുന്നതായും ചെളിയുള്ള പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.