തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കുനേരെ രോഗിയുടെ ആക്രമണം

തിരുവനന്തപുരം: ഡോക്ടർമാരോടുള്ള ആക്രമണങ്ങൾ തുടർകഥയാവുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കുനേരെ രോഗിയുടെ ആക്രമണം. ഡിസ്ക് പ്രശ്നത്തെ തുടർന്ന് നടുവേദനയുമായി ചികിത്സയ്ക്ക് എത്തിയ ബാലരാമപുരം സ്വദേശി സുധീർ ആണ് ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7.45ഓടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ഡോക്ടർമാരുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. ആശുപത്രി സംരക്ഷണ ഓർഡിനൻസ് വിജ്ഞാപനമിറങ്ങിയ ശേഷമുള്ള ആദ്യ കേസാണിത്. പ്രതിയുടെ ശസ്ത്രക്രിയയ്ക്കായി പരിശോധനങ്ങൾ നടത്തി വരുന്നതിനിടെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോട് ഇയാൾ തട്ടിക്കയറി. ന്യൂറോ സർജറി വിഭാഗത്തിലെ സീനീയർ റസിഡന്റുമാരായ സന്തോഷ്, ശിവ ജ്യോതി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡോക്ടർമാരെ അസഭ്യം പറഞ്ഞതായും പറയുന്നു. സന്തോഷിന്റെ കഴുത്തിൽ കുത്തിപിടിച്ചു. ഇത് തടയാൻ എത്തിയ ശിവ ജ്യോതിക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു.

LEAVE A REPLY