റിയാദ്: സൗദിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേരെ മദീന പോലീസ് അറസ്റ് ചെയ്തു. കുറ്റാരോപിതനായ വ്യക്തിയെ സൗദി സുരക്ഷാ വിഭാഗം പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലാണിവർ പിടിയിലായത്. ഇരുവരും രാജ്യത്തെ സൈബർ കുറ്റ വിരുദ്ധ നിയമം ലംഘിച്ചതായി ജനറൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ആന്റി സൈബർ ക്രൈം നിയമ ലംഘനത്തിന് ഇരുവർക്കെതിരെയും കേസ് ഫയൽ ചെയ്ത് തുടർ നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. രാജ്യത്ത് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതും അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകർത്തുന്നതും ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും ഇരുപത് ലക്ഷം റിയാൽ വരെ പിഴയും ചുമത്തും.