റിയാദ്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ സൗദി പൗരന് 19,000 റിയാല്‍ നഷ്ടപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശിക്ക് ജാമ്യം. അബഹയിലെ റിജാല്‍ അല്‍മയില്‍ താമസിക്കുന്ന സൗദി പൗരന് നല്കിയ പരാതി പ്രകാരം അറസ്റ്റിലായി അന്വേഷണം നേരിടുന്ന പാലക്കാട് പറളി സ്വദേശി അബ്ദുറശീദിനാണ് റിയാദ് ക്രിമിനല്‍ കോടതി ജാമ്യം നല്‍കിയത്. ഒരു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. സൗദി പൗരനെ വിളിച്ച അജ്ഞാതന്‍, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നാണെന്ന് പരിചയപ്പെടുത്തു, ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഒ.ടി.പി ആവശ്യപ്പെടുകയും ചെയ്തു. അവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയതോടെ ഇദ്ദേഹത്തിന്റെ ബാങ്ക് അകൗണ്ടിലുണ്ടായിരുന്ന 19,000 റിയാല്‍ മൂന്നു ഘട്ടമായി നഷ്ടപ്പെട്ടു. യുവാവിന്റെ പരാതിയില്‍ പൊലീസ് സെന്‍ട്രല്‍ ബാങ്ക് വഴി നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ പണം അറബ് നാഷണല്‍ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്നും തട്ടിപ്പിന് ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ റിയാദില്‍ ജോലി ചെയ്യുന്ന അബ്ദുറശീദിന്റെ ഇഖാമയില്‍ എടുത്തതാണെന്നും കണ്ടെത്തി. തുടര്‍ന്നാണ് അബ്ദുറശീദിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ പ്രവാസി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല. ഇതോടെയാണ് ഇയാളെ ജാമ്യത്തില്‍വിടാന്‍ കോടതി അനുവാദം നല്‍കിയത്.