ഫുഡി വീല്‍സ് 20 ടൂറിസം കേന്ദ്രങ്ങളില്‍കൂടി ഉടന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡബിള്‍ ഡെക്കര്‍ ബസിന്റെ മാതൃകയില്‍ വൈക്കം കായലോരത്ത് ആരംഭിച്ച ‘ഫുഡി വീല്‍സ്’ റസ്റ്ററന്റിന്റെ മാതൃകയിലാണ് 20 ടൂറിസം കേന്ദ്രങ്ങളില്‍ക്കൂടി ഉടന്‍ പദ്ധതി ആരംഭിക്കുകയെന്നു മന്ത്രി പറഞ്ഞു. പ്രാദേശിക ഭക്ഷണമാകും ഇവിടെ വിളമ്പുന്നത്. ചെലവു ചുരുക്കി റസ്റ്ററന്റുകള്‍ തുറക്കാന്‍ കഴിയുമെന്നതും കൂടുതല്‍ ആളുകള്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ‘ഫുഡി വീല്‍സ്’ ആരംഭിക്കാനാണു ടൂറിസം വകുപ്പിന്റെ പദ്ധതി.

പുതിയ പാലം നിര്‍മിച്ചതിനെത്തുടര്‍ന്നു ഗതാഗതം നിര്‍ത്തിയ പഴയ പാലങ്ങളിലാണു പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്നു ഹോട്ടല്‍ സംവിധാനം ആരംഭിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ രീതി നിലവിലുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികള്‍ ടൂറിസം വകുപ്പ് ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സാമ്പത്തിക വികസനം, അനുഭവവേദ്യ ടൂറിസം, കലാ-സാംസ്‌കാരിക സംരക്ഷണം, ടൂറിസം മേഖലയുടെ സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ നടത്തുന്നത്. സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട മേഖലയിലെ ഹോട്ടലോ റസ്റ്ററന്റോ തെരഞ്ഞെടുക്കാന്‍ ഇതിലൂടെ കഴിയും. ഹോട്ടലുകളുടേയും റസ്റ്ററന്റുകളുടേയും പ്രവര്‍ത്തനത്തിലെ പ്രാദേശിക പങ്കാളിത്തം, നാടന്‍ വിഭവങ്ങളുടെ പ്രോത്സാഹനം, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും നല്‍കുന്ന പരിഗണന തുടങ്ങി നിരവധി വിഷയങ്ങള്‍ പരിഗണിച്ചാണു ക്ലാസിഫൈ ചെയ്യുന്നത്. ആര്‍.ടി. സില്‍വര്‍, ആര്‍.ടി. ഗോള്‍ഡ്, ആര്‍.ടി. ഡയമണ്ട് എന്നിങ്ങനെയാകും തരംതിരിക്കുകയെന്നു മന്ത്രി പറഞ്ഞു. പരിസ്ഥിതി മേഖലയില്‍ 80 ശതമാനത്തിനു മേല്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്കു ഗ്രീന്‍ ക്ലാസിഫിക്കഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന്റെ വിവിധ സ്‌കീമുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.

മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മൈലവരപ്പ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി.എല്‍. രാജീവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY