ബാങ്കുകൾക്ക് 50,000 കോടി രൂപ പ്രഖ്യാപിച്ച് ആർബിഐ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിന് പ്രത്യേക പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്.

കോവിഡിന്റെ സാഹചര്യത്തിൽ വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുക, ബാങ്കുകളിൽനിന്നുള്ള വായ്പാ സൗകര്യം സുഗമമാക്കുക, സാമ്പത്തിക സമ്മർദം കുറയ്ക്കുക. വിപണിയുടെ പ്രവർത്തനം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങളെ മുൻനിർത്തിയുള്ള നടപടികളാകും ഉണ്ടാകുകയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 50,000 കോടി രൂപ വായ്പാവിഹിതം നൽകാൻ ലക്ഷ്യം വെച്ചുള്ള ദീർഘകാല റിപ്പോ പദ്ധതികളിൽ നിന്നാണ് ആദ്യം തുടങ്ങുന്നത്. ആകെ തുകയുടെ 50 ശതമാനമെങ്കിലും ചെറുകിട, ബാങ്കിങ് ഇതര,  മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് നൽകും.

പ്രാദേശിക ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്ക്, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് പുതിയ വായ്പ പദ്ധതികൾ നടപ്പിലാക്കാൻ നബാർഡിന് 25,000 കോടി രൂപ അനുവദിക്കും. സിഡ്ബിക്ക് 15,000 കോടിയും  ഹൗസിങ് ഫിനാൻസ് കമ്പനികളെ പിന്തുണയ്ക്കുന്നതിനായി എൻഎച്ച്ബിയ്ക്ക് 10,000 കോടി രൂപ വീതവും അനുവദിക്കും.

വാണിജ്യ ബാങ്കുകളിൽ നിന്ന് ആർബിഐ സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശ നിരക്കായ റിവേഴ്സ് റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് 0.25 % കുറച്ച് 3.75 ശതമാനമാക്കി. നിലവിലുള്ള റിപ്പോ നിരക്കായ 4.40 ശതമാനത്തിൽ മാറ്റമില്ലാതെ തുടരും. കൂടാതെ മാർജിനൽ സ്റ്റാന്റിങ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും മാറ്റമില്ലാതെ 4.65 ശതമാനത്തിൽ തന്നെ തുടരും.

ആഗോള തലത്തിൽ  സാമ്പത്തികമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് നിങ്ങുന്നത്. ഈ സാമ്പത്തിക വർഷത്തെ 1.9 ശതമാനം വളർച്ചനിരക്ക് രാജ്യം നിലനിർത്തിയേക്കുമെന്നും G-20 രാജ്യങ്ങളിൽ ഏറ്റവും മികച്ച വളർച്ച ഇന്ത്യയുടേതാണെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം 2020 – 21 സാമ്പത്തിക വർഷത്തിൽ രാജ്യം 7.4ശതമാനം വളർച്ചനേടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്ന ഡബ്ലുഎംഎയിൽ  (വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസെസ്) ആർബിഐ ഏപ്രിൽ 1 ന്  30% വർധന വരുത്തിയിരുന്നു. എന്നാൽ കോവിഡ് പ്രതിരോധിച്ച് സംസ്ഥാനങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി 60 ശതമാനത്തിലേക്ക് ഡബ്ലുഎംഎ വർധിപ്പിച്ചു. വർധിച്ച നിരക്ക് 2020 സെപ്റ്റംബർ 30 വരെ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY