കൊച്ചിയില്‍ ടെക്‌നോളജി ഇന്നൊവേഷന്‍ സെന്റര്‍ തുറക്കാന്‍ യാത്രാ.കോം

  • ആദ്യഘട്ടത്തില്‍ പുതിയ ബിരുദധാരികളും അനുഭവസമ്പന്നരുമുള്‍പ്പെടെയുള്ള 30 ഐടി പ്രൊഫഷനലുകളെ നിയമിക്കും

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനികളിലൊന്നായ യാത്രാ.കോം കൊച്ചിയില്‍ ടെക്‌നോളജി ഇന്നൊവേഷന്‍ ഹബ് തുറക്കുന്നു. യാത്ര.കോമിന്റെ മൂന്നാത്തെ ടെക്‌നോളജി ഇന്നൊവേഷന്‍ ഹബ്ബാകും ഇത്. നിലവില്‍ ഗുര്‍ഗോണ്‍, ബാംഗളൂരു എന്നിവിടങ്ങളിലാണ് കമ്പനിക്ക് ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്ററുകളുള്ളത്.

പുതിയ നോര്‍മലിനോട് ലോകം പൊരുത്തപ്പെട്ടു തുടങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര, വിദേശ യാത്രാമേഖലകള്‍ വളര്‍ച്ചയുടെ പാതയിലേയ്ക്ക് തിരിച്ചു വരുന്നതായാണ് തങ്ങള്‍ നിരീക്ഷിക്കുന്നതെന്ന് യാത്രാ.കോമിന്റെ സഹസ്ഥാപകനും യാത്രാ ഓണ്‍ലൈനിന്റെ സിഇഒയുമായ ധ്രുവ് ശൃംഗി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പുതിയ ഇന്നൊവേഷന്‍ സെന്റര്‍ തുറക്കുന്നത്.

യാത്രാ സേവനങ്ങള്‍ നല്‍കുന്ന സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ മുന്‍നിരയില്‍ നിലനില്‍ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സഹസ്ഥാപകനും സിഐഒയുമായ മനീഷ് അമീന്‍ പറഞ്ഞു. നാളെയുടെ ട്രാവല്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനായി കമ്പനി തുടര്‍ച്ചയായി നിക്ഷേപങ്ങള്‍ നടത്തുന്നത് ഇതിന്റെ ഭാഗമായാണ്. മികച്ച ഐടി പ്രൊഫഷനലുകളുടെ ലഭ്യതയുടെ കാര്യത്തിലുള്ള കൊച്ചിയുടെ മികവ് കണക്കിലെടുത്താണ് ടെക്‌നോളജി ഇന്നൊവേഷന്‍ ഹബ് ഇവിടെ തുടങ്ങുന്നത്.

എല്ലാ തലങ്ങളിലും വിദഗ്ധരായ എന്‍ജിനീയറിംഗ് വിദഗ്ധരെ നിയമിച്ചുകൊണ്ട് കമ്പനിയുടെ ടെക്‌നോളജി ഡിവിഷന്‍ തുടര്‍ച്ചയായ വികസനത്തിലാണ്. ഈയിടെയാണ് ഒരു പ്രമുഖ അമേരിക്കന്‍ റീടെയില്‍ കമ്പനിയില്‍ നിന്നെത്തിയ അഖില്‍ ഗുപ്ത യാത്ര.കോമിന്റെ ടെക്‌നോളജി സീനിയര്‍ വൈസ് പ്രസിഡന്റായത്. പ്ലാറ്റ്‌ഫോമിന്റെ ആധുനികീകരണത്തിന്റെ ചുമതലയാണ് അഖില്‍ ഗുപ്തയ്ക്കുള്ളത്. കൊച്ചിയില്‍ വിവിധ തലങ്ങളില്‍ മികച്ച എന്‍ജനീയര്‍മാരെയും അനുഭവസമ്പന്നരായ സാങ്കേതികവിദഗ്ധരേയും നിയമിക്കുമെന്ന് അഖില്‍ ഗുപ്ത പറഞ്ഞു. പുതുതായി പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ക്കു മുതല്‍ അനുഭവസമ്പന്നരായ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് പ്രൊഫഷനലുകള്‍ക്കു വരെ കൊച്ചയില്‍ അവസരമുണ്ടാകുമെന്ന് കൊച്ചിയിലെ ഇന്നവേഷന്‍ ഹബ് നയിക്കുന്ന ശ്രീജ രാമചന്ദ്രന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍, എന്‍ജിനീയറിംഗ് മാനേജര്‍മാര്‍, പ്രൊഡക്റ്റ് മാനേജര്‍മാര്‍, ക്യുഎ ഓട്ടോമേഷന്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ 30 പേരെ പുതുതായി നിയമിക്കും.

ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് തുടങ്ങുന്ന കൊച്ചിയിലെ പുതിയ ഇന്നവേഷന്‍ ഹബ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തുറക്കും. നിയമനങ്ങള്‍ പുരോഗമിക്കുകയാണെന്നും കൊച്ചിയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് KochiJobs@yatra.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കാമെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ www.tech.yatra.com എന്ന വെബ് പേജിലുണ്ട്.

700-ലേറെ വരുന്ന കോര്‍പ്പറേറ്റ് ഇടപാടുകാര്‍ക്ക് സേവനം നല്‍കുന്ന രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റ് ട്രാവല്‍ സേവന കമ്പനിയെന്നതിനു പുറമെ ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനികളിലൊന്നാണ് യാത്രാ.കോം. YTRA എന്ന ടിക്കര്‍ അടയാളത്തില്‍ കമ്പനി അമേരിക്കന്‍ ഓഹരിവിപണിയായ നസ്ഡാക്കില്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY