അമൃത് പദ്ധതി രണ്ടാംഘട്ടം നഗരഭരണ പ്രദേശങ്ങളിൽ സമൂല മാറ്റമുണ്ടാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കുടിവെള്ളം, ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം എന്നിവയിലൂന്നി നഗരഭരണ പ്രദേശങ്ങളിൽ സമൂലമായ മാറ്റമുണ്ടാക്കുമെന്നും ഇതിനായുള്ള മാർഗരേഖ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലെത്തിയെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 93 നഗരഭരണ പ്രദേശങ്ങളിൽ അമൃത് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുമെന്നും അഞ്ചുവർഷം കൊണ്ട് 5000 കോടി രൂപ ഇതിനായി വിനിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അമൃത് പദ്ധതിയുടെ ഒന്നാംഘട്ടം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. 2023 മാർച്ച് 31 ഓടെ ഒന്നാംഘട്ടം അവസാനിക്കും. ഒന്നാംഘട്ടത്തിൽ 1001 പ്രോജക്ടുകളാണ് ഉള്ളത്. 2387.29 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഇതുവരെയായി 756 പദ്ധതികളാണ് പൂർത്തീകരിച്ചത്. ബാക്കിയുള്ളവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അമൃത് ഒന്നാംഘട്ടത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ സമാന്തരമായി രണ്ടാംഘട്ടത്തിന്റെ മാർഗരേഖ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നഗരപ്രദേശങ്ങളിലെ മാലിന്യനിർമ്മാർജ്ജനം പരാതികളേതുമില്ലാതെ നടപ്പിലാക്കും. ഉറവിടത്തിൽ മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതികൾ ശക്തിപ്പെടുത്തും. പരിസ്ഥിതി സൗഹൃദപരമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗര പ്രദേശങ്ങളിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളിൽ പൂന്തോട്ടമടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. സമയബന്ധിതമായി പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കൃത്യമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.