വ്യവസായ വകുപ്പ് നടപ്പിലാക്കിയ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ-സിസിന് കീഴിൽ ഇതിനകം രജിസ്റ്റർ ചെയ്തത് അഞ്ച്ലക്ഷം സ്ഥാപനങ്ങൾ. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, തൊഴിൽ വകുപ്പ്,മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകൾ കേന്ദ്രീകൃതമായി കെ-സിസ് പോർട്ടലിലൂടെയാണ് നടത്തുക. ചട്ടങ്ങളിൽ അനുശാസിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരിശോധനകൾ സുതാര്യമായി നടത്തുന്നതിനായി രൂപീകരിച്ച കെ-സിസ് സംവിധാനത്തിലൂടെ 1,387 പരിശോധനകൾ ഇതിനകം പൂർത്തിയാക്കി.
ഈ സംവിധാനത്തിന്റെ കീഴിലാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുൻമ്പുളള പരിശോധന, പതിവ് പരിശോധന, പരിശോധന എന്നിവയെല്ലാം വരുന്നത്. പരിശോധന ഷെഡ്യൂൾ വെബ് പോർട്ടൽ സ്വയം തയ്യാറാക്കും. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ പോർട്ടൽ തന്നെ തിരഞ്ഞെടുക്കും. തുടർച്ചയായി രണ്ട് പരിശോധനകൾ നടത്തുന്നില്ലെന്ന് ഇൻസ്പെക്ടർ ഉറപ്പ് വരുത്തുകയും ചെയ്യും. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ കെ-സിസ് പോർട്ടലിൽ പ്രസിദ്ധീകരിക്കും.
സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ ചുമതലപ്പെട്ട മറ്റ് വകുപ്പുകളും ഏജൻസികളും കൂടി കെ-സിസ് സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.