ഇന്ന് നമുക്ക് കച്ച് മുതല്‍ കൊഹിമ വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും സ്വതന്ത്രമായി സഞ്ചരിക്കാനാവും;അത് സാധ്യമാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുമാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അദ്ദേഹത്തിന്റെ ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്നില്ല എന്നു വിചാരിക്കുക. എങ്കില്‍ നമുക്കെങ്ങനെ ഗിര്‍ വനങ്ങളിലെ സിംഹത്തെയും ഹൈദരാബാദിലെ ചാര്‍മിനാറും കാണാനാവുമായിരുന്നു. സോമനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നതിന് മറ്റു സ്ഥലങ്ങളിലെ ശിവഭക്തര്‍ക്ക് വിസ ആവശ്യമായി വരുമായിരുന്നില്ലേ. അദ്ദേഹമില്ലായിരുന്നെങ്കില്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തീവണ്ടി ഓടിക്കുന്ന കാര്യം നമുക്ക് ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല.
1947ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവിയെപ്പറ്റി ലോകത്തിന് വലിയ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല. ഭാരതത്തിന്റെ വൈവിധ്യങ്ങള്‍ കൊണ്ടു തന്നെ അതു പലതായി ചിതറിപ്പോകുമെന്നായിരുന്നു ഏവരുടേയും വിലയിരുത്തല്‍. നിരാശയുടെ അക്കാലത്ത് പ്രതീക്ഷയുടെ കിരണമായി ഉയര്‍ന്നുവന്ന കരുത്തനായ നേതാവാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍.ഉണ്ടായിരുന്ന 562 നാട്ടുരാജ്യങ്ങളെ ഭാരതത്തില്‍ ലയിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ ഉദ്ഗ്രഥനത്തിന് അദ്ദേഹം തുടക്കമിട്ടു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്‍പ്പത്തിന്റെ തുടക്കം അതായിരുന്നു. ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്റെ ഉറച്ച തീരുമാനങ്ങള്‍ രാജ്യത്തിന് അടിത്തറയിടുക മാത്രമായിരുന്നില്ല ഭാവിയിലേക്കുള്ള ശക്തിയും സമര്‍പ്പണവും നമ്മെ കാണിച്ചു തരികയും ചെയ്തു. അതിനാല്‍ തന്നെ ആധുനിക ഭാരതത്തിന്റെ ശില്‍പ്പി എന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ വിശേഷിപ്പിക്കാം.
ഗുജറാത്തിലെ നാദിയാദിലെ തന്റെ മാതൃഭവനത്തില്‍ 1875 ഒക്ടോബര്‍ 31നാണ് വല്ലഭായ് പട്ടേല്‍ ജനിച്ചത്. ഖേഡ ജില്ലയിലെ കര്മ്സദില് താമസമാക്കിയ ഝാവര്‍ഭായ് പട്ടേലിന്റെയും ലഡ്ബ പട്ടേലിന്റെയും നാലാമത്തെ മകനായിരുന്നു വല്ലഭായ്. പതിമൂന്നാം വയസ്സില്‍ ഝാവര്‍ ബായെ വല്ലഭായ് വിവാഹം കഴിച്ചു. നിയമ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ജില്ലാ അറ്റോര്‍ണി പരീക്ഷ പാസായി വക്കീലായി ജോലിയും ആരംഭിച്ചു. പട്ടേലിന് 33 വയസ്സുള്ളപ്പോള്‍ ക്യാന്‍സര്‍ വന്ന് ഝാവര്‍ ബാ അന്തരിച്ചു. 1909ല്‍ ഝാവര്‍ ബാ ബോംബയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ പട്ടേല്‍ കേസുകളുടെ തിരക്കിലായിരുന്നു. കേസ് വാദിക്കുന്നതിനിടെയാണ് ഝാവര്‍ ബാ മരിച്ച വിവരം വല്ലഭായ് പട്ടേലിനെ ആരോ അറിയിക്കുന്നത്. ആ കുറിപ്പ് വാങ്ങി പോക്കറ്റില്‍ ഇട്ട് അദ്ദേഹം കേസിലെ വാദം തുടരുകയും കേസ് വിജയിക്കുകയും ചെയ്തു. അതിന് ശേഷം മാത്രമാണ് ഭാര്യ മരിച്ച വിവരം അദ്ദേഹം മറ്റെല്ലാവരോടും പറയുന്നത്. ഭാര്യയുടെ മരണ ശേഷം അദ്ദേഹം പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി.
1913ല്‍ ഭാരതത്തില്‍ തിരിച്ചെത്തിയ വല്ലഭായ് പട്ടേല്‍ അഭിഭാഷക ജോലി പുനരാരംഭിച്ചു. എന്നാല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന,സമ്പന്നനായ,കോട്ടും സ്യൂട്ടും ധരിച്ചു നടന്ന അഭിഭാഷകന് ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ഖാദിയിലേക്ക് മാറുന്നതാണ് പിന്നീട് കണ്ടത്. 1918ലെ ഈ മാറ്റത്തിന് ശേഷം ഖേഡയിലെ കര്‍ഷക പ്രക്ഷോഭത്തിന്റെ നേതൃത്വത്തിലേക്ക് വല്ലഭായ് പട്ടേല്‍ ഉയര്‍ന്നു. മോശം വിളവെടുപ്പിനെ തുടര്‍ന്ന് നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന കര്‍ഷകരുടെ ആവശ്യം ബ്രിട്ടീഷുകാര്‍ തള്ളിയിരുന്നു. ഇതെതുടര്‍ന്ന് ആരംഭിച്ച കര്‍ഷക പ്രതിഷേധം നയിക്കാന്‍ ഗാന്ധിജി പട്ടേലിനോട് നിര്‍ദ്ദേശിച്ചു. വല്ലഭായ് പട്ടേല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്കൊപ്പം ഗുജറാത്ത് മുഴുവന്‍ വ്യാപിച്ച പ്രക്ഷോഭമാണ് ആരംഭിച്ചത്. നികുതിനിഷേധമെന്ന സമരമുറ വ്യാപിച്ചതോടെ ബ്രിട്ടീഷ് ഭരണകൂടം ഖേഡയിലെ കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചു. ഇതോടെ ഖേഡയിലെ കര്‍ഷകരുടെ നായകനായി വല്ലഭായ് പട്ടേല്‍ ഉയരുകയായിരുന്നു. പിന്നീട് ബര്‍ദോലി സത്യാഗ്രഹത്തിനും വല്ലഭായ് പട്ടേല്‍ നേതൃത്വം വഹിച്ചു. 1928ല്‍ നടന്ന ഈ സമരവും നികുതി നിഷേധ പ്രക്ഷോഭമായിരുന്നു.
കൗടില്യന്റെ നയതന്ത്രവും ശിവാജി മഹാരാജാവിന്റെ ധൈര്യവും ഒത്തുചേര് വ്യക്തിത്വമായിരുന്നു സര്‍ദാര്‍ പട്ടേലിന്റെത്.ഭാരതത്തിന്റെ ദൗര്‍ബല്യമായി ലോകം കണ്ടതിനെ,ഭാരതത്തിന്റെ ശക്തിയാക്കി മാറ്റി രാജ്യത്തിന് മുന്നോട്ടുള്ള പാത കാണിച്ചുതന്നു സര്‍ദാര്‍ പട്ടേല്‍.ഒരു കാലത്ത് ഭാരതത്തെ ആശങ്കയോടെ കണ്ടിരുന്ന ലോകം ഇന്ന് ഭാരതത്തിന്റെ സ്വന്തം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയാണ്.ഇതെല്ലാം സാധ്യമായത് ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച സര്‍ദാര്‍ പട്ടേല്‍ നല്കിയ മഹത്തായ സംഭാവനകള്‍ കാരണമാണ്.
-പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബ്രിട്ടീഷ് വൈസ്രോയിക്ക് പിന്നീട് തീരുമാനം പുന:പരിശോധിക്കേണ്ടിവന്നു. ബര്‍ദോലി സത്യാഗ്രഹത്തോടെ വല്ലഭായ് പട്ടേലിന്റെ പേര് പ്രശസ്തമായിത്തുടങ്ങി. ഈ പ്രക്ഷോഭം വിജയിച്ചതോടെ സ്ത്രീകള്‍ അദ്ദേഹത്തിന് സര്‍ദാര്‍ എന്ന വിശേഷണം കൂടി ചാര്‍ത്തിനല്‍കി. 1922,1924,1927 വര്‍ഷങ്ങളില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അധ്യക്ഷനായി വല്ലഭായ് പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടു. നിസ്സഹരണ പ്രക്ഷോഭം,സ്വരാജ് പ്രക്ഷോഭം,ദണ്ഡി യാത്ര, ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം തുടങ്ങിയ സമരങ്ങളിലെല്ലാം സുപ്രധാന പങ്ക് വല്ലഭായ് പട്ടേലിനുണ്ടായിരുന്നു. 1931ലെ കറാച്ചി സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി വല്ലഭായ് പട്ടേലിനെ തെരഞ്ഞെടുത്തു.ഭഗത് സിങ്,സുഖ് ദേവ്,രാജ്ഗുരു എന്നീ ധീരന്മാരുടെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് ഭാരതം മുഴുവന്‍ പ്രതിഷേധാഗ്നിയില്‍ ഇളകി മറിഞ്ഞ സമയമായിരുന്നു അത്.
സ്വാതന്ത്ര്യ ലബ്ദിയുടെ തൊട്ടു മുമ്പും കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി വല്ലഭായ് പട്ടേലിനെ തേടിയെത്തി.എന്നാല്‍ ഗാന്ധിജിയുടെ നിര്‍ദ്ദേശ പ്രകാരം വല്ലഭായ് പട്ടേല്‍ അതില്‍ നിന്ന് പിന്മാറുകയും ജവഹര്‍ലാല്‍ നെഹ്രു അധ്യക്ഷനാവുകയും ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷം ഭാരതത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി വല്ലഭായ് പട്ടേല്‍ മാറി.ഭാരതം വിവിധങ്ങളായ നാട്ടുരാജ്യങ്ങളായി വേര്‍പെട്ടു കഴിയുന്ന കാലമായിരുന്നു അത്.562 നാട്ടുരാജ്യങ്ങളാണ് ഭാരതമെന്ന സങ്കല്‍പ്പത്തില്‍ നിന്ന് വേറിട്ട് സ്വന്തം രാജ്യങ്ങളായി മാറാന്‍ ആഗ്രഹിച്ചത്. ഇതു വല്ലഭായ് പട്ടേലിനെ വലിയതോതില്‍ അസ്വസ്ഥനാക്കി.ഒറീസയിലെ 23 നാട്ടുരാജാക്കന്മാരുമായി നടത്തിയ യോഗത്തില്‍ വല്ലഭായ് പട്ടേല്‍ ഇപ്രകാരം പറഞ്ഞു, ‘കിണറ്റിലെ തവളകളായി കഴിയാതെ വിശാലമായ സമുദ്രത്തെ നിങ്ങള്‍ കാണാന്‍ തയ്യാറാവൂ’. ഒറീസയിലെ ജനങ്ങള്‍ സ്വതന്ത്ര ഭാരതത്തിന്റെ ഭാഗമാവാന്‍ ആഗ്രഹിച്ചിരുന്നു. വല്ലഭായ് പട്ടേലിന്റെ കര്‍ശനമായ വാക്കുകള്‍ കൂടി ആയതോടെ രാജാക്കന്മാര് തങ്ങളുടെ നാട്ടുരാജ്യങ്ങളെ യൂണിയനില്‍ ലയിപ്പിക്കാന്‍ തയ്യാറായി. ഒറീസയില്‍ നിന്ന് നാഗ്പൂരിലേക്കാണ് പട്ടേല്‍ പോയത്. നാഗ്പൂരിലെ 38 രാജാക്കന്മാരും യൂണിയനില്‍ തങ്ങളുടെ രാജ്യങ്ങളെ ലയിപ്പിക്കാമെന്ന് അറിയിച്ചു.
കത്യവാറില് പട്ടേല്‍ എത്തുമ്പോഴേക്കും രാജ്യത്തെ 250 നാട്ടുരാജാക്കന്മാര് ലയനത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു.അതിന് ശേഷം മുംബൈ, പഞ്ചാബ് രാജ്യങ്ങളും യൂണിയനില്‍ ലയിച്ചു. എന്നാല്‍ പഞ്ചാബിലെ ഫരീദ്കോട്ട് രാജാവ് മാത്രം ഭാരതത്തില്‍ ലയിക്കുന്നതിന് തയ്യാറായില്ല.
വല്ലഭായ് പട്ടേലിന്റെ ശക്തമായ ഇച്ഛാശക്തിക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് ഫരീദ്കോട്ട് രാജാവിനുമായില്ല.കശ്മീര്‍,ഹൈദരാബാദ്,ജുനഗട്ട് എന്നിവയെല്ലാം ഭാരതത്തിന്റെ ഭാഗമായത് പട്ടേലിന്റെ ഉരുക്കുമുഷ്ടി ഒന്നുകൊണ്ടു മാത്രമാണ്.കശ്മീര്‍ രാജാവ് ലയനത്തിന് തയ്യാറായപ്പോള്‍ ജുനഗട്ട് നവാബ് ഭീതിയോടെ പാക്കിസ്ഥാനിലേക്ക് കടന്നു.
ഏറ്റവും ബുദ്ധിമുട്ട് ഹൈദരാബാദ് ലയനമായിരുന്നു. സ്വന്തം അധികാരം നിലനിര്‍ത്താന്‍ എന്തിനും തയ്യാറായിരുന്നു ഹൈദരാബാദ് നൈസാം.ഒടുവില്‍ സൈനിക നടപടിയോടെയാണ് ഹൈദരാബാദും യൂണിയനില്‍ ലയിക്കുന്നത്.ഭാരതത്തിന്റെ ഏകീകരണം സാധ്യമാക്കിയത് വല്ലഭായ് പട്ടേലിന്റെ ഉറച്ച നിലപാടുകളാണ്. അതുകൊണ്ടാണ് ഗാന്ധിജി അദ്ദേഹത്തെ ഉരുക്കുമനുഷ്യന് എന്നു വിശേഷിപ്പിച്ചത്.ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ പുനസംഘടനയും പട്ടേലിന്റെ നേട്ടമായിരുന്നു.എന്നാല്‍ 1950 ഡിസംബര്‍ 15ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏവരേയും സങ്കടത്തിലാക്കി യാത്രയായി.എല്ലാവിധ പ്രോട്ടോക്കോളുകളും ലംഘിച്ച് രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് മുംബൈയിലേക്ക് പോയി പട്ടേലിന് ആദരാഞ്ജലിയര്‍പ്പിച്ചു. സ്വയംപര്യാപ്ത ഭാരതം എന്നതിലേക്കുള്ള യാത്രയില്‍ ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന പട്ടേലിന്റെ സങ്കല്‍പ്പമാണ് അടിത്തറയായി മാറിയത്. 2014 ഒക്ടോബര്‍ 31 മുതല്‍ ഭാരതം ആ ദിവസത്തെ ദേശീയ ഏകതാ ദിനമായി ആചരിച്ചു തുടങ്ങി. രാജ്യത്തെ ഏറ്റവും കരുത്തനായ നേതാവിനെ ഓര്‍മ്മിക്കാനുള്ള ദിവസമാണ് ഒക്ടോബര്‍ 31. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ ഏകതാ പ്രതിമ ഗുജറാത്തിലെ കെവാഡിയയില്‍ അനാച്ഛാദനം ചെയ്ത ദിവസം കൂടിയാണ് 2018 ഒക്ടോബര്‍ 31.