ഒരു പ്രദേശത്ത് ആയിരം പേരില്‍ പത്തിലധികം കോവിഡ് രോഗികള്‍ ഒരാഴ്ചയുണ്ടായാല്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ അല്ലാത്ത മറ്റുസ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തനാനുമതി നല്‍കും. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ആയിരിക്കും.
ഞായറാഴ്ച ദിവസങ്ങളായ ആഗസ്റ്റ് 15നും ആഗസ്റ്റ് 22 നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും. ആരാധനാലയങ്ങളുടെ വിസ്തീര്‍ണ്ണം കണക്കാക്കിയാവണം ആളുകള്‍ പങ്കെടുക്കേണ്ടത്. വലിയ വിസ്തീര്‍ണ്ണമുള്ളവയില്‍ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ കൂട്ടായ്മകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം.
ഉത്സവകാലമായതുകൊണ്ട് സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികള്‍ ആള്‍ക്കൂട്ടം ഉണ്ടാകാനിടയുള്ള വ്യാപാരസ്ഥാപനങ്ങള്‍ സ്വീകരിക്കണം. ഹോം ഡെലിവറി സൗകര്യം പരമാവധി ഇടങ്ങളില്‍ വിപുലീകരിക്കണം. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതില്‍ മേല്‍നോട്ടം വഹിക്കുകയും ആവശ്യമായ പരിശോധന നടത്തുകയും ചെയ്യും. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആയിരിക്കണം കടകളില്‍ പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചര്‍ച്ച ചെയ്യും.
കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്‌സിനേഷന്‍ എങ്കിലും എടുത്തവരോ 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം.