ഡോക്ടർമാരോടുള്ള അക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളിൽ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർമാർക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കാഷ്വാലിറ്റികളിലും ഒ.പികളിലും സിസിടിവി സ്ഥാപിക്കണം. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ്‌പോസ്റ്റുമായി ബന്ധപ്പെടുത്തണം. അക്രമം നടന്നാൽ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. ഒ.പി.കളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ ഇനി മുതൽ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണം. നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി നിർദേശിച്ചു.

ആശുപത്രി വികസനസമിതികൾ ഇക്കാര്യം ശ്രദ്ധിക്കണം. മെഡിക്കൽകോളേജ് പോലുള്ള വലിയ ആശുപത്രികളിൽ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജൻസികളുടെ കാലാവധി തീരുന്ന മുറക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

LEAVE A REPLY