മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ നാളെ മുതൽ തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് സംവിധായകന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ രാജ് ആണ്.
ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ഫാ. ബെനഡിക്റ്റ് എന്ന നായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാരിയറും ഒരുമിച്ചഭിനയിക്കുന്ന ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും ദി പ്രീസ്റ്റിന് ഉണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ ഡി ഇല്ല്യൂമിനേഷൻസിന്റെയും ബാനറിൽ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2020 ജനുവരിയിൽ ആരംഭിച്ച പ്രീസ്റ്റിന്റെ ഷൂട്ട് കോവിഡ് വ്യാപനത്തെത്തുടർന്ന് നീണ്ടുപോയിരുന്നു. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.