അബുദാബിയിലെത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം; 90 മിനിറ്റിനകം ഫലം അറിയാം

അബുദാബി വിമാനത്താവളത്തിലെത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള സൗകര്യമൊരുക്കി അധികൃതർ. ലോകത്തിലെ തന്നെ ഏറ്റവും വേഗതയിൽ ഫലം ലഭ്യമാകുന്ന റാപ്പിഡ് പിസിആർ പരിശോധനാ സംവിധാനമാണിതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. പ്രതിദിനം 20,000 പേരുടെ പരിശോധന നടത്താനുള്ള സംവിധാനമാണ് വിമാനത്താവളത്തിൽ തന്നെ സജ്ജീകരിച്ച പ്രത്യേക ലബോറട്ടറിയിൽ ഒരുക്കിയിരിക്കുന്നത്. യാത്ര, ക്വാറന്റീൻ എന്നിവ സംബന്ധിച്ച നടപടികളും ഇവിടെ നിന്ന് തന്നെ പൂർത്തീകരിക്കും.

നിലവിൽ അബുദാബിയിൽ എത്തുന്ന എല്ലാവരും പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള കോവിഡ് പരിശോധനാഫലം ഹാജരാക്കിയാൽ മാത്രമേ ചെക്ക് ഇൻ അനുവദിക്കൂ. ഇതിന് പുറമെ അബുദാബിയിൽ എത്തിയ ശേഷം വീണ്ടുമൊരു പിസിആർ പരിശോധന കൂടി നടത്തണം.

വിമാനത്താവളത്തിലെ പുതിയ സംവിധാനത്തിലൂടെ ഒന്ന്, മൂന്ന് ടെർമിനലുകൾ വഴി വരുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന 4000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പരിശോധനാ കേന്ദ്രത്തിൽ 190 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഗ്രീൻ രാജ്യങ്ങളിൽ നിന്ന് എത്തിയവർക്ക് പിസിആർ പരിശോധന നെഗറ്റിവ് ആണെങ്കിൽ പിന്നീട് ക്വാറന്റീൻ ആവശ്യമില്ല. മറ്റുള്ളവരാണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം.

LEAVE A REPLY