പരമ്പരാഗത വ്യവസായ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിൽ ഖാദി ഗ്രാമം സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖാദി ക്ഷേമനിധിയുടെ ഭാഗമായി നൽകാനുള്ള കുടിശിക പ്രശ്നം പരിഹരിക്കും. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കമ്മീഷൻ ആവശ്യമെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും വനംവകുപ്പിന്റെ കൈവശമുള്ള സ്ഥലങ്ങളിൽ കശുമാവ് വളർത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കൈത്തറി തുണി ഉത്പാദനം വർധിപ്പിക്കേണ്ടതുണ്ട്. ഈ മേഖലയിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല ഇടപെടലുണ്ടായി. സ്കൂൾ വിദ്യാർത്ഥികൾക്കെല്ലാം കൈത്തറി യൂണിഫോം നിലവിൽ ലഭ്യമാക്കാൻ കഴിയുന്നില്ല. ഈ സ്ഥിതി മാറേണ്ടതുണ്ട്. കേരളത്തിലെ ബീഡി വ്യവസായത്തെ സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ തയ്യാറാണ്. ഈ മേഖലയെ സംരക്ഷിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും. കയർ മേഖലയിൽ നടപ്പാക്കിയ യന്ത്രവത്ക്കരണത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് നൽകുന്ന പരിശീലനത്തിന്റെ സമയം ആവശ്യമെങ്കിൽ വർധിപ്പിക്കും. തൊണ്ടു സംഭരണം ശക്തിപ്പെടുത്താൻ പല തലത്തിലുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വാർഡുകളിലും സർക്കാർ മുൻകൈ എടുത്ത് തെങ്ങിൻ തൈകൾ നൽകി വച്ചു പിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇത് തെങ്ങിന്റെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം തൊണ്ട് സംഭരണം സജീവമാക്കുന്നതിനും സഹായിക്കും. പരമ്പരാഗത മേഖലയ്ക്ക് ഒരു ഡയറക്ട്രേറ്റ് എന്ന ആവശ്യം ഇന്നത്തെ നിലയിൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ പരിപാലന നിയമത്തിൽ സംസ്ഥാനം മാത്രം വിചാരിച്ചാൽ മാറ്റം സാധ്യമല്ല. മത്സ്യബന്ധനത്തിന് കൂടുതൽ ചെലവ് വരുന്നുവെന്ന പരാതി പരിശോധിക്കേണ്ട കാര്യമാണ്. മത്സ്യബന്ധന അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്ന പലരും ദയനീയ സാഹചര്യത്തിലാണ് തൊഴിലെടുക്കുന്നത്. ഇതിൽ കർക്കശ നടപടിയിലേക്ക് നീങ്ങേണ്ടിവരും. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കള്ള് ചെത്ത് മേഖലയിലേക്ക് ചെറുപ്പക്കാൻ കൂടുതലായി കടന്നു വരുന്നില്ല. മുള ചതച്ച് തടിയുണ്ടാക്കി പുതിയ ഉത്പന്നങ്ങൾ സൃഷ്ടിക്കാനുള്ള ബാംബൂ കോർപറേഷന്റെ നീക്കം നല്ലതാണ്. മുള, ഈറ്റ വ്യവസായ മേഖലയിൽ ആവശ്യമായ സഹായം നൽകാൻ സർക്കാർ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കരിമ്പന, മൺപാത്ര നിർമാണ തൊഴിലാളികളുടെ ആവശ്യങ്ങളും സർക്കാർ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.