ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സ്വീകരിച്ചു: കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

പാലാ (കോട്ടയം): ജലന്ദര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോടതി കുറ്റപത്രം സ്വീകരിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം സ്വീകരിച്ച് പ്രതിയായ ഫ്രാങ്കോയ്ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്.

ഈ മാസം പത്താം തിയതി കോടതിയില്‍ ഹാജരാകാണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതി ഹാജരായി കുറ്റപത്രത്തിന്റെ കോപ്പിയും അനുബന്ധ രേഖകളുടെ കോപ്പിയും നല്‍കിയ ശേഷം വിചാരണയ്ക്കായി കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും.

പ്രാഥമിക പരിശോധനയില്‍ കുറ്റപത്രവും അനുബന്ധ രേഖകളും ശരിയാണന്ന് കോടതി കണ്ടെത്തിയാണ് കുറ്റപത്രം സ്വീകരിച്ചിരിക്കുന്നത്. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍, മൂവാറ്റുപുഴയിലെ മഠത്തിലെ മറ്റൊരു കന്യാസ്ത്രീ, ഡ്രൈവര്‍ പ്രവീണ്‍ ഉള്‍പ്പെടെ പത്തോളം പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.

ലാപ്‌ടോപ്പ്, മൊബൈല്‍,ഫോണ്‍, ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ മുപ്പതോളം രേഖകള്‍ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അച്ചടക്ക നടപടി സ്വീകരിച്ചതു കൊണ്ടാണ് തനിക്കെതിരെ കന്യാസ്ത്രീ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഫ്രാങ്കോയുടെ വാദം. എന്നാല്‍ അച്ചടക്ക നടപടിക്കു മുമ്പ് തന്നെ ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പീഡന വിവരം വെളിപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY