കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം ലോക്ക്ഡൗൺ ഇളവ് നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ഇത് സംബന്ധിച്ച് മറ്റന്നാൾ വീണ്ടും മന്ത്രിസഭ യോഗം ചേരാനും തീരുമാനമായി. സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശ്വാസകരമാണെന്നുമാണ് മന്ത്രിസഭാ യോഗത്തിൽ പൊതുവെയുണ്ടായ വിലയിരുത്തൽ. ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നും യോഗം നിർദേശിച്ചു.
കോവിഡ് ഹോട്ട് സ്പോട്ടുകളിൽ ഏപ്രിൽ 30 വരെ നിലവിലുള്ള നിയന്ത്രണം തുടരണമെന്നും അല്ലാത്ത ജില്ലകളിൽ നിയന്ത്രണങ്ങളോട് കൂടി സർക്കാർ അനുവദിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സമ്മതിക്കണം എന്നുമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പ്രധാന മന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് കേരളം ഈ നിർദേശം മുന്നോട്ട് വെച്ചത്.
സംസ്ഥാനത്ത് ജില്ല കടന്നുള്ള യാത്രകളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നും യോഗത്തിൽ തീരുമാനമായി. അയൽ സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം അതീവ ജാഗ്രതയോടെ തന്നെ മുന്നോട്ട് പോകണമെന്നും യോഗം തീരുമാനിച്ചു.