പ്രവാസികളെ നാട്ടിലെത്തിക്കുന്നത് ഈ അവസരത്തിൽ പ്രായോഗികമല്ല : സുപ്രീം കോടതി

ന്യൂഡൽഹി: ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള നിർദേശം കേന്ദ്ര സർക്കാരിന് ഈ ഘട്ടത്തിൽ നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി. യാത്ര അനുവദിച്ചാൽ കേന്ദ്രസർക്കാരിന്റെ യാത്രാവിലക്കിന് വിരുദ്ധമാകുമെന്നും ആളുകൾ നിലവിൽ ഉള്ളിടത്തുതന്നെ തുടരണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

അതേസമയം ഹർജിയിലെ ആവശ്യങ്ങൾ കോടതി പൂർണമായി തല്ലിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് ഇടപെടൽ വേണമെങ്കിൽ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിദേശത്ത് നിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യതയെ മുന്നിൽ കണ്ടുകൊണ്ടാണ് കേന്ദ്രസർക്കാർ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശങ്ങളിൽ നിന്ന് ആളുകളെ ഇന്ത്യയിലേക്ക് എത്തിച്ചാൽ അത് രോഗ വ്യാപനത്തിന് ഇടയായേക്കും. അങ്ങനെ സംഭവിച്ചാൽ ലോക്ക് ഡൗണും യാത്രാവിലക്കും നിലവിലെ ലക്ഷ്യങ്ങളും തകിടം മറിയാൻ കാരണമാകും.

പ്രവാസികളെ നാട്ടിലെത്തിക്കുന്നത് ഈ അവസരത്തിൽ പ്രായോഗികം അല്ല. പ്രവാസികൾക്ക് ചികിത്സാസൗകര്യങ്ങൾ ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താമെന്നും അക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

LEAVE A REPLY