യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണമെന്ന് രാമജന്മഭൂമി ന്യാസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് രാമജന്മഭൂമി ന്യാസ് നിവേദനം നല്‍കി. രാമജന്മഭൂമി ന്യാസ് തലവന്‍ നൃത്യ ഗോപാല്‍ ദാസാണ് ആവശ്യവുമായി രംഗത്തെത്തിയത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ക്ഷേത്രം പണിയാന്‍ ചുമതലപ്പെടുത്തുന്ന ട്രസ്റ്റിന്റെ അധ്യക്ഷനായി യോഗി ആദിത്യനാഥിന നിയോഗിക്കണമെന്നാണ് ആവശ്യം.

ട്രസ്റ്റില്‍ ആരൊക്കെ അംഗങ്ങളാവണമെന്നത് സംബന്ധിച്ച പ്രാഥമിക രൂപരേഖയുണ്ടാക്കിയിട്ടുണ്ടെന്നും ഗോപാല്‍ ദാസ് അവകാശപ്പെട്ടു. ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മഹന്ത് എന്ന നിലയിലാണ് യോഗി ആദിത്യ നാഥിനെ ട്രസ്റ്റ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഗോപാല്‍ ദാസ് വിശദീകരിച്ചു. മുഖ്യമന്ത്രി പദവിയിലിരിക്കെ തന്നെ ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മുഖ്യ തന്ത്രിയെന്ന നിലയിലും ഗോരക്ഷ പീഠത്തിന്റെ നേതാവ് എന്ന നിലയിലും യോഗി ആദിത്യ നാഥ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ഗോപാല്‍ ദാസ് പറഞ്ഞു. ക്ഷേത്ര ട്രസ്റ്റില്‍ രാമജന്മഭൂമി ന്യാസിനും അംഗത്വം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.