സര്‍ക്കാര്‍ ഗോഡൗണില്‍നിന്നും കാണാതായത് 160 ടണ്‍ അരി

ആലപ്പുഴ: ആലപ്പുഴയിലെ സര്‍ക്കാര്‍ ഗോഡൗണില്‍ നിന്നും 160 ടണ്‍ അരി കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിട്ടേക്കും. ആരോപണത്തെ തുടര്‍ന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തെളിവെടുപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടു.

പുതുതായി ചാര്‍ജ്ജെടുത്ത ഡിപ്പോ മാനേജരാണ് ഗോഡൗണില്‍ 160 ടണ്‍ അരിയുടെ ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യ ഭദ്രതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. കൂടുതല്‍ തെളിവ് ശേഖരിക്കാനായാണ് കമ്മീഷന്‍ കെ.വി.മോഹന്‍കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. കമീഷന്റെ സിറ്റിങ്ങിന് ശേഷം ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയക്കും.

നേരത്തെ ഗോഡൗണ്‍ പുതുക്കി പണിത സമയത്ത് ധാന്യങ്ങള്‍ സ്വകാര്യ ഗോഡൗണിലേയ്ക്ക് മാറ്റിയെന്ന ആക്ഷേപവും കമ്മീഷന്‍ പരിശോധിക്കും. സംസ്ഥാനത്തെ മുഴുവന്‍ ഗോഡൗണികളിലും മാര്‍ച്ച് 31നകം പരിശോധന നടത്താനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY