ന്യൂഡല്‍ഹി: രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഇന്ത്യയുടെ ആരോപണം തള്ളി വാട്‌സാപ്പ്. ഇക്കാര്യം വാട്‌സാപ്പ് അറിയിച്ചെല്ലെന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ കഴിഞ്ഞ മേയ് മാസത്തില്‍ത്തന്നെ ഇന്ത്യന്‍ അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നതായി വാട്സ്ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖരായ 25 പേരുടെ ഫോണ്‍വിവരങ്ങള്‍ പെഗാസസ് വഴി ചോര്‍ത്തി എന്ന വിവരം പുറത്തുവന്ന സാഹചര്യത്തില്‍ ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വാട്സ്ആപ്പിന്റെ വെളിപ്പെടുത്തല്‍.
മേയ് മാസത്തിലുണ്ടായ ഒരു സുരക്ഷാ പ്രശ്നം ഉടന്‍തന്നെ തങ്ങള്‍ പരിഹരിക്കുകയും ഇന്ത്യന്‍ അധികൃതരെയും ബന്ധപ്പെട്ട അന്താരാഷ്ട്ര കേന്ദ്രങ്ങളെയും അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുരക്ഷാ വീഴ്ചയ്ക്ക് ഇരയായവരെ കണ്ടെത്താനും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കമ്പനി ശ്രമങ്ങള്‍ നടത്തിവരികയായിരുന്നെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
വാട്സ്ആപ്പില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ സ്വഭാവം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് കമ്പനിയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നിയമലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി നേരിടേണ്ടിവരുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ജൂണ്‍മുതല്‍ പലവട്ടം ചര്‍ച്ചനടത്തിയിട്ടും ചാര സോഫ്‌റ്റ്വേര്‍ ആക്രമണത്തിന്റെ കാര്യം വാട്‌സാപ്പ് വെളിപ്പെടുത്തിയില്ലെന്നും ഇന്ത്യ ആരോപിച്ചിരുന്നു.