സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കുണ്ടെന്ന് ശിവസേന- എന്‍സിപി നേതാക്കള്‍

മുംബൈ: സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം മഹാരാഷ്ട്രയില്‍ ഉണ്ടെന്ന പ്രഖ്യാപനവുമായി ശിവസേന- എന്‍സിപി നേതാക്കള്‍ രംഗത്ത്. എന്‍സിപി നേതാവ് ശരത് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

170 എംഎല്‍എമാര്‍ കൂടെയുണ്ടെന്നും ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ശരത് പവാര്‍.

പതിനൊന്ന് എംഎല്‍എമാരാണ് അജിത് പവാറിനൊപ്പം ഉള്ളത്. ഇതില്‍ പലരും തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശരത് പവാര്‍. ആശയക്കുഴപ്പം കാരണമാണ് ഇവരെല്ലാം അജിത് പവാറിനൊപ്പം പോയത്. ഇവര്‍ മടങ്ങിയെത്തുമെന്നും ശരത് പവാര്‍ സൂചന പ്രകടിപ്പിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം സേന എന്‍സിപി സഖ്യത്തിനുണ്ടെന്നാണ് നേതാക്കള്‍ ആവര്‍ത്തിച്ചു. കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന കാര്യം ഓര്‍ക്കണമെന്നും ശരത് പവാര്‍ എംഎല്‍എമാരെ ഓര്‍മ്മിപ്പിച്ചു.

അജിത് പവാറിനൊപ്പം എംഎല്‍എമാര്‍ ഇല്ല. അംഗബലം തെളിയിക്കാന്‍ ബിജെപി -അജിത് പവാര്‍ സഖ്യത്തിന് കഴിയില്ലെന്നും സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കള്‍. വിമത എംഎല്‍എ മാരെ ശരത് പവാര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിനെത്തിക്കുകയും ചെയ്തു.

മൂന്ന് എംഎല്‍എമാരാണ് ചതിക്കപ്പെട്ടെന്ന വിശദീകരണവുമായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. എംഎല്‍എ മാര്‍ നേരത്തെ തന്നെ ഒപ്പിട്ട ലിസ്റ്റ് അജിത് പവാര്‍ ദുരുപയോഗം ചെയ്തതാവാമെന്നാണ് ശരത് പവാര്‍ പറയുന്നത്.

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ വെല്ലുവിളിച്ചു. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്ന് അറിയിച്ച് അജിത് പവാര്‍ രാജ് ഭവനിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് വിമത എംഎല്‍എ ഷിംഖനേ പറഞ്ഞത്.

അജിത് പവാറിനെതിരായ പാര്‍ട്ടി നടപടികള്‍ക്കും തുടക്കമായെന്നും ശരത് പവാര്‍ അറിയിച്ചു. നിയമസഭാ കക്ഷി നേതാവ് എന്ന സ്ഥാനത്തുനിന്ന് അജിത് പവാറിനെ ഒഴിവാക്കും. എംഎല്‍എമാരുടെ യോഗം വിളിച്ച് രാഷ്ട്രീയ തീരുമാനം ഉടനുണ്ടാകുമെന്നും ശരത് പവാര്‍.