കോപ്പിയടി തന്റെ കഴിവ്; ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതികരിച്ചവര്‍ക്ക് മര്‍ദനം

കോപ്പിയടി തന്റെ കഴിവെന്ന് കമന്റ് ചെയ്ത കത്തിക്കുത്ത് കേസിലെ പ്രതി നസീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രതികരിച്ചവര്‍ക്ക് മര്‍ദനം. തമലം സ്വദേശി അനൂപ്, ആര്യങ്കോട് സ്വദേശി ശ്യാം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. നസീമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെതിരെ വന്ന കമന്റുകള്‍ക്ക് ലൈക്ക് ചെയ്തതും നെഗറ്റീവ് കമന്റ് ഇട്ടതും ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള മര്‍ദനം. ഇതില്‍ ശ്യാമിനായിരുന്നു കൂടുതല്‍ മര്‍ദനമേറ്റത്.

കത്തിക്കുത്ത് കേസില്‍ ഉള്‍പ്പെട്ട ആളുകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് അനൂപ്. അതേസമയം മര്‍ദനമേറ്റു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ അനൂപ് പാര്‍ട്ടിക്കാരുടെ ഭീഷണിയില്‍ കേസ് വേണ്ടെന്നു വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.