പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവ്; യു.എ.പി.എ റദ്ദാക്കില്ല

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള യു.എ.പി.എ റദ്ദാക്കില്ലെന്ന് ഐ.ജി അശോക് യാദവ്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും, അവര്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ കിട്ടിയിട്ടുണ്ടെന്നും ഇവരെ ഉടന്‍ കോടതിയില്‍ ഹാജാരാക്കുമെന്നും ഐ.ജി വ്യക്തമാക്കി. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ ബിരുദ വിദ്യാത്ഥിയാണ് ഷുഹൈബ്. ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് താഹ.

പാലക്കാട് ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നതായും, പ്രതികളുടെ വീട്ടില്‍ വീട്ടില്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖ കണ്ടെത്തിയിരുന്നെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു.