വ്യാജ ഐപിഎസുകാരന്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പുഴയിലെറിഞ്ഞ രേഖകള്‍ വീണത് കരയില്‍. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസിന് കൈമാറി. ചാലിയാര്‍ പുഴയുടെ കരയിലാണ് രേഖകള്‍ വീണത്. കൂട്ടത്തില്‍ വിപിന്‍ കാര്‍ത്തിക് എന്ന പിച്ചള ബോര്‍ഡും പൊലീസിന് ലഭിച്ചു.
മലപ്പുറം വാഴക്കാട് നിന്നാണ് രേഖകളും ബോര്‍ഡും നാട്ടുകാര്‍ക്ക് കിട്ടിയത്. മഴയില്‍ കുതിര്‍ന്ന് പോയ രേഖകള്‍ പൊലീസ് ഉണക്കിയെടുക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറയുന്നു.
വായ്പ എടുക്കുന്നതിനായി വിപിനും അമ്മയും ചേര്‍ന്ന് ഉണ്ടാക്കിയ വ്യാജരേഖയാണ് ഇവയില്‍ ചിലതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതത് ബാങ്കുകളിലെത്തി ഇക്കാര്യം പൊലീസ് ഉറപ്പിച്ചു. ഗുരുവായൂരിലെ അഞ്ച് ബാങ്കുകളില്‍ നിന്നുമാത്രം വായ്പയെടുത്ത് 12 കാറുകളാണ് അമ്മയും മകനും വാങ്ങിയത്. ഇതില്‍ 11 എണ്ണവും മറിച്ച് വിറ്റിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് വീട് വളഞ്ഞതോടെയാണ് വിപിന്‍ കാര്‍ത്തിക് സാഹസികമായി രക്ഷപെടുകയായിരുന്നു.