നടന് ബിനീഷ് ബാസ്റ്റിനും സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് വിരാമമാകുന്നു. സംവിധായകന് ജാതി പറഞ്ഞ് ആക്ഷേപിച്ചിട്ടില്ലെന്നു നടനും വിവാദത്തില്‍ പങ്കാളിയായ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയന് ഭാരവാഹിയും തുറന്നു പറഞ്ഞു. ഇതോടെയാണ് വിവാദങ്ങള്‍ കെട്ടടങ്ങിയത്.
വിവാദത്തിന്റെ പേരില്‍ താനും കുടുംബവും നേരിട്ട അധിക്ഷേപങ്ങളും അവഹേളനങ്ങളും ചെറുതല്ല. വിവാദ വേദിയില്‍നിന്നു രാത്രി തിരിച്ചു വീട്ടിലെത്തിയ ശേഷം നേരംപുലരുവോളം മൊബൈല്‍ ഫോണിലൂടെ തെറിവിളിയും അധിക്ഷേപങ്ങളുമായിരുന്നു. സോഷ്യല്‍ മീഡിയയിലെ ആക്ഷേപങ്ങളിലും കുടുംബത്തെ വലിച്ചിഴച്ചുവെന്നും അനില്‍ പറഞ്ഞു.
സിനിമയില്‍ അവസരം ചോദിച്ചുവന്ന മൂന്നാംകിട നടന് എന്നു താന്‍ പറഞ്ഞെന്ന ആരോപണം വ്യാജമാണെന്നും സംഘാടകര്‍ക്കിടയിലെ വിയോജിപ്പുകള്ക്കു നടുവില്‍ തന്നെ വിവാദത്തിന് ഇരയാക്കിയതാണെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.