സ്‌കൂളുകളിലും കോളജുകളിലും ഇനി വിദ്യാര്‍ഥിയൂണിയന് നിയമസാധുത ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി സര്‍ക്കാര്‍. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമാണിത്. ഇതനുസരിച്ചുള്ള കരടുബില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. കൂടാതെ ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിനു മന്ത്രിസഭ അനുമതിയും നല്‍കി. എന്നാല്‍ ഇതില്‍ സംഘടനാപരമായ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കപ്പെടുന്നില്ല. എന്നാല്‍ പരോക്ഷമായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള വഴിയാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
പുതിയ ബില്‍ നിയമമാകുന്നതോടെ സ്വാശ്രയ കോളജുകളിലും ഇനി വിദ്യാര്‍ഥിയൂണിയനുകള്‍ വരും. കേന്ദ്ര സര്‍വകലാശാലയും കല്‍പിത സര്‍വകലാശാലകളും ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും.
വിദ്യാര്‍ഥി യൂണിയനുകള്‍ രൂപീകരിക്കാനും ന്യായമായ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന നിയമമാണു വരുന്നത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ പരിഹരിക്കാന്‍ അതോറിറ്റി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിരമിച്ച ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനാകണം. പരാതിപരിഹാര നിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ചട്ടം ലംഘിക്കുന്ന മാനേജ്‌മെന്റിനു 10,000 രൂപ വരെ പിഴശിക്ഷ വിധിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും.