നടന്‍ ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പ്രശ്‌നം ഇന്ന് അങ്ങാടിപ്പാട്ടാണ്. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന ഈ സംഭവം നാട്ടിലെ കൊച്ചു കുട്ടികള്‍ക്ക് പോലുമറിയാം. സോഷ്യല്‍ മീഡിയ തന്നെയാണ് ഇതിന് കാരണവും. സംവിധായകന്‍ അവഗണിച്ചതിന് പുറമെ ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്നും കൂടെ വന്നതോടെ ബിനീഷിനെ കേരളം മുഴുവന്‍ അറിഞ്ഞു തുടങ്ങി. അതുവരെ ഇങ്ങനെയൊരു നടനെക്കുറിച്ച് അറിയാത്തവര്‍ക്ക് പോലും ബിനീഷ് സുപരിചിതനായി മാറി. അതോടെ താരത്തിന്റെ തലവര തന്നെ മാറിമറിഞ്ഞെന്ന് പറയാം.
ഇപ്പോഴിതാ ബിനീഷ് ബാസ്റ്റിന്‍ നായകനാവുകയാണ്. പുതുമുഖ സംവിധായകന്‍ സാബു അന്തിക്കായി ഒരുക്കുന്ന ചിത്രത്തിലാണ് ബിനീഷിന് ഈ ഭാഗ്യം കൈ വന്നത്. അനില്‍ രാധാകൃഷ്ണനും ബിനീഷും തമ്മിലുള്ള പ്രശ്‌നം ബിനീഷിന് ഭാഗ്യമായി മാറുകയാണ് ചെയ്തത്. സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്റെ കഥയാണ് ദി ക്രിയേറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്. അടുത്ത മാസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്.
നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇപ്പോഴും വിവാദം പുകഞ്ഞു കൊണ്ടിരിക്കുകയാണ്. പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് അനിഷ്ടസംഭവം ഉണ്ടായത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനില്‍ രാധാകൃഷ്ണ മേനോനെതിരായ ഉയര്‍ന്ന ആരോപണം. ഇതേത്തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും ബിനീഷ് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് വേദിയിലെത്തിയ നടന്‍, കരഞ്ഞുകൊണ്ടാണ് അന്ന് വേദി വിട്ടത്. എന്നാല്‍ ബിനീഷ് വരുന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
സംഭവം വിവാദമായതോടെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നത്തില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടക്കും. വിവാദം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം, ഇനി ഒരിക്കലും അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സിനിമയില്‍ അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍ വ്യക്തമാക്കിരിക്കുകയാണ്.