ഓണം റിലീസായി ആട് 3 വരുന്നു; ബിരിയാണിയും ആഘോഷവുമായി അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജയസൂര്യ- വിജയ് ബാബു കൂട്ടുകെട്ടില്‍ ആട് 3 ഒരുങ്ങുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം മുന്‍പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ ആട് 3 ഷൂട്ടിംഗും റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാവ് വിജയ് ബാബുവും ജയസൂര്യയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും. മട്ടണ്‍ ബിരിയാണി വെച്ചുകൊണ്ടാണ് ഇവര്‍ ഷൂട്ടിംഗും റിലീസും പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത ഏപ്രില്‍- മെയ് മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം ഓണത്തിന് തിയെറ്ററുകളില്‍ എത്തും. ആദ്യഭാഗം ആട് ഒരു ഭീകരജീവിയാണ് 2015 ഫെബ്രുവരി ആറിനാണ് തിയെറ്ററുകളിലെത്തിയത്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം പക്ഷേ തിയെറ്ററുകളില്‍ പരാജയപ്പെട്ടു. ആരാധകരുടെ തുടര്‍ച്ചയായ ആവശ്യത്തെ തുടര്‍ന്ന് ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആട് 2 കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22-നാണ് തിയേറ്ററുകളിലെത്തിയത്.