അബദ്ധങ്ങള്‍ പലര്‍ക്കും പലപ്പോഴും സംഭവിക്കാറുണ്ട്. എന്നാല്‍ ചില അബദ്ധങ്ങള്‍ മനുഷ്യന് മാനക്കേടും ഉണ്ടാക്കുന്നു. അത്തരത്തിലൊരു അനുഭവമാണ് കൊല്ലം മാന്‍നട സ്വദേശിനിയായ നാദിയയ്ക്ക് സംഭവിച്ചത്. പലിശയും പിഴപ്പലിശയുമടച്ച് വാഹനവായ്പ അടച്ചു തീര്‍ത്തിട്ടും അറസ്റ്റും പൊലീസ് സ്റ്റേഷന്‍വാസവും മാനഹാനിയുമാണ് നാദിയ നേരിട്ടത്. സംഭവത്തില്‍ അബദ്ധം പറ്റിയതാണെന്ന് മനസ്സിലായതോടെ എച്ച് ഡി എഫ് സി അധികൃതര്‍ വന്ന് മാപ്പും പറഞ്ഞു.
2016 ല്‍ മൂന്നു തവണ അടവ് മുടങ്ങിയപ്പോള്‍ ബാങ്കില്‍ നിന്നു വക്കീല്‍ നോട്ടീസ് ലഭിച്ചു. പിഴ പലിശയും കോടതി ചെലവുമടക്കം അന്നു തന്നെ കുടിശിക തീര്‍ത്തു. 2018 ഒക്ടോബറില്‍ വായ്പാ തിരിച്ചടവും പൂര്‍ത്തിയാക്കി, വാഹനം മറ്റൊരാള്‍ക്ക് വിറ്റു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്‌ഐയും രണ്ട് വനിതാപൊലീസുകാരുമെത്തി നാദിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒടുവില്‍ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മൂന്നു വര്‍ഷം മുന്‍പത്തെ വക്കീല്‍ നോട്ടീസാണ് അറസ്റ്റിലെത്തിച്ചതെന്ന് ബോധ്യപ്പെട്ടത്. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നാദിയയോട് മാപ്പും പറഞ്ഞു. എന്നാല്‍ നാദിയ ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നില്ല. ഇവര്‍ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുകയാണ് വീട്ടമ്മ.