സൂക്ഷിക്കണം സൈനസൈറ്റിസിനെ

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ നേരിടുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടാണ് സൈനസൈറ്റിസ്. മൂക്കില്‍നിന്നും പഴുപ്പുപോലുള്ള ദ്രാവകം തുടര്‍ച്ചയായി വരുകയും ശക്തമായ തലവേദനയുമാണ് രോഗാവസ്ഥ സമ്മാനിക്കുന്നത്. സൈനസ് അറകളിലുണ്ടാകുന്ന അണുബാധയാണ് ഇതിന് കാരണം. മൂക്കിലേയ്ക്ക് തുറക്കുന്ന വായു നിറഞ്ഞ അറകളാണ് സൈനസ്. പുരികങ്ങള്‍ക്കിടയില്‍ നെറ്റിയുടെ നടുവിലായി കണ്ണുകള്‍ക്ക് താഴെ ശ്ലേഷ്മ സ്തരംകൊണ്ട് ആവരണം ചെയ്തിട്ടുള്ള വായു അറകളാണ് ഇവ.

ശാസവായുവിന്റെ താപനില നിയന്ത്രിച്ച് ശീതികരിക്കുന്നതുമുതല്‍ തലയുടെ ഭാരം ക്രമീകരിക്കുന്നതും സ്വനപേടകത്തില്‍നിന്നും പുറത്തുവരുന്ന വാക്കുകള്‍ക്ക് വ്യക്തത നല്‍കുന്നതും സൈനസിന്റെ ധര്‍മ്മമാണ്.

സൈനസില്‍ ധാരാളം സ്രവങ്ങളുണ്ട്. ഇവ മൂക്കില്‍നിന്നും ഒഴുകി തൊണ്ടയിലെത്തും. ഈ ഒഴുക്കിന് തടസമുണ്ടായാല്‍ ഒഴുക്കു കുറഞ്ഞ് സ്രവങ്ങള്‍ കട്ടിവയ്ക്കുന്നു. പിന്നീട് ഇത് അണുബാധയ്ക്ക് വഴിവയ്ക്കുകയും സൈനസൈറ്റിസിന് കാരണമാവുകയും ചെയ്യും.

മലിനമായ അന്തരീക്ഷം, അലര്‍ജി, ശുദ്ധവായുവിന്റെ ലഭ്യതക്കുറവ്, തണുപ്പുള്ള കാലാവസ്ഥ തുടങ്ങിയവ സൈനസൈറ്റിസ് ഉണ്ടാവാനുള്ള കാരണങ്ങളാണ്. കൂടാതെ ജനിതകപരമായി മൂക്കിന്റെ പാലത്തിന് വളവുള്ളവര്‍ക്കും മൂക്കില്‍ ദശവളരുന്ന അവസ്ഥയുള്ളവര്‍ക്കും രോഗമുണ്ടാകാം. അലര്‍ജി ഉള്ളവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും സൈനസൈറ്റിസ് വളരെവേഗം ബാധിക്കും. അതുപോലെ പ്രമേഹ ബാധിതര്‍ക്കും സൈനസൈറ്റിസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

സാധാരണയായി ആന്റിബയോട്ടിക്കുകളാണ് ചികിത്സയുടെ ഭാഗമായി രോഗിക്ക് നല്‍കുന്നത്. കൂടാതെ മൂക്കിലൊഴിക്കുന്നതിനുള്ള തുള്ളിമരുന്നുകള്‍, കഫം പോകുന്നതിനുള്ള മരുന്നുകളും നല്‍കാറുണ്ട്. മൂന്നുമുതല്‍ ആറ് ആഴ്ചവരെയാണ് ചികിത്സയുടെ സാധാരണ കാലയളവ്.

ഇടയ്ക്കിടയ്ക്ക് സൈനസൈറ്റിസ് ഉണ്ടായാല്‍ നൂതന ചികിത്സാ രീതിയായ നേസര്‍ എന്‍ഡോസ്‌കോപ്പി ചെയ്യേണ്ടതായിവരാം. മൂക്കിലൂടെ ട്യൂബ് കടത്തിവിട്ട് മൂക്കിന്റെ പാലത്തിന് വളവുകളോ, മൂക്കിനുള്ളില്‍ ദശ വളരുന്ന സാഹചര്യമോ ഉണ്ടോയെന്ന് പരിശോധിക്കുന്നതാണിത്. കൂടാതെ കെട്ടിക്കിടക്കുന്ന സ്രവങ്ങളുടെയും പഴുപ്പിന്റെയും സാന്നിദ്ധ്യം അറിയുവാനും ഇതുവഴി സാധിക്കും. സി.റ്റി സ്‌കാന്‍ അടക്കമുള്ള പരിശോധനകളും ചികിത്സയുടെ ഭാഗമാണ്.

തുടര്‍ച്ചയായി ഉണ്ടാകുന്ന സൈനസൈറ്റിസ് ക്രോണിക് സൈനസൈറ്റിസ് ആയി മാറാം. ഇത്തരം സാഹചര്യങ്ങളില്‍ സൈനസില്‍നിന്നും തലച്ചോറിലേക്കോ കണ്ണുകളിലേക്കോ അണുബാധ പടരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സൈനസൈറ്റിസിനെ വളരെ ഗൗരവമായിത്തന്നെ കാണുക.

LEAVE A REPLY