കെ എസ് ആർ ടി സി പ്രതിസന്ധി രൂക്ഷമാകുന്നു…

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടത് മൂലമുള്ള പ്രതിസന്ധി തുടരുന്നു. ഇന്ന് തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ 35 സർവ്വീസ് മുടങ്ങി. ഗ്രാമീണ സർവ്വീസുകളാണ് മുടങ്ങിയവയിൽ ഏറെയും. കൊല്ലം കൊട്ടാരക്കര ഡിപ്പോകളിലും സർവ്വീസ് മുടങ്ങി. എന്നാൽ മധ്യകേരളത്തിൽ പ്രശ്നം കാര്യമായി ബാധിച്ചില്ല. വടക്കൻ കേരളത്തിൽ ആകെ 50 സർവ്വീസുകൾ തടസപ്പെട്ടു. കാസർകോട് നിന്നുള്ള 9 അന്തർസംസ്ഥാന സർവ്വീസും മുടങ്ങിയവയിൽപെടുന്നു

പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതോടെ ടേൺ അനുസരിച്ച് ഇന്ന് അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്നും സർവ്വീസുകൾ മുടങ്ങാതെ ക്രമീകരണം നടത്തണമെന്നും മാനേജ്മെന്‍റ് സോണൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. അവധിയിൽ നിന്ന് തിരിച്ചെത്തിയ ജീവനക്കാരെ ഡബിൾ ഡ്യൂട്ടി നൽകി വിന്യസിക്കാനാണ് തീരുമാനം.

സംസ്ഥാനമാകെ 600ലേറെ സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. ദീർഘദൂര സർവീസുകളിലും എസി സർവീസുകളിലും താൽക്കാലിക ഡ്രൈവർമാരില്ലാത്തതിനാൽ ഈ സർവീസുകൾ മുടങ്ങില്ല. പിരിച്ചുവിട്ട ജീവനക്കാരെ തന്നെ ദിവസവേതനക്കാരായി തിരിച്ചെത്തിച്ച് താൽക്കാലികമായി പ്രതിസന്ധി നേരിടാൻ ആലോചനയുണ്ട്

സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 താൽക്കാലിക ഡ്രൈവർമാരെയാണ് കെഎസ്ആർടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന് കോടതി നിർദ്ദേശം. പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യുമെന്നതിൽ സർക്കാരിനും ആശങ്കയുണ്ട്.

പിരിച്ചുവിട്ടവരെ വീണ്ടും കരാ‍ർ അടിസ്ഥാനത്തിൽ തിരിച്ചുനിയമിക്കുന്നതിന്‍റെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്. പിഎസ്‍സി റാങ്ക് പട്ടികയിൽ നിന്നും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഡ്രൈവർമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിലെ കോടതി നിലപാട് കൂടി അറിഞ്ഞാകും തുടർനീക്കം.

LEAVE A REPLY